Wednesday, January 11, 2012

ലജ്ജയില്ലേ !!! ലോകത്തിന്റെ മുന്നിലേക്ക് എത്തിനോക്കാന്‍


കെ.ഡി. ഹരികുമാര്‍
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ആദിവാസി സ്ത്രീകളെ അര്‍ദ്ധനഗ്നരാക്കി നൃത്തം ചെയ്യിച്ചുവെന്ന വാര്‍ത്ത ഇന്ത്യയിലെ പരിഷ്‌കൃത സമൂഹത്തിന് മേല്‍ പതിച്ച കറുത്ത പാടാണ്.
ഭക്ഷണത്തിനു വേണ്ടിയാണ് ആദിവാസികള്‍ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതരായെന്നാണ് വാര്‍ത്താ വിശദീകരണം. ഇവിടെയും നിയമ പാലകനായ ഒരു പോലീസുകാരന്‍ കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
'ഇലനക്കി നായയുടെ ചിറിനക്കി പട്ടി' എന്നല്ലാതെ ഇതിനെ എങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയും.
ദേശീയ ചാനലുകള്‍ ഈ സംഭവത്തെ ആഘോഷിച്ചു തുടങ്ങി കഴിഞ്ഞു. പട്ടിണി കിടക്കുന്നവന്റെ വിശപ്പു മാറ്റാനുള്ള നടപടികളൊന്നും ഇത്തരം ചര്‍ച്ചകളിലൂടെ ഉരുത്തിരിയാറില്ല. 'വിശക്കുന്നവന്റെ മുന്നില്‍ വേദമോതരുതെന്ന' ഒരു ചൊല്ലുണ്ട് ചര്‍ച്ചകളിലിരിക്കുന്നവരും, സംഘാടകരും ഇതൊന്നോര്‍മ്മിച്ചാല്‍ നന്നായിരിക്കും.
അഴിമതി മുദ്രാവാക്യമാക്കി, സ്വന്തം കാര്യം സിന്ദാബാദ് പറയുന്ന ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഇത്തരം പട്ടിണി പാവങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഒരു നേരത്തെ അന്നം കിട്ടണമെങ്കില്‍ ഇതിലും അപ്പുറത്ത് പലതും ചെയ്യേണ്ടതായി വരുമെന്നതിന്റെ സൂചനയായി വേണം ആന്‍ഡമാന്‍ സംഭവത്തെ കാണേണ്ടത്.
ഇന്ത്യയുടെ ദാരിദ്ര്യം ഒരിക്കല്‍ കൂടി ലോകത്തിന്റെ മുന്നില്‍ ഇതിലൂടെ വരച്ചു കാണിക്കപ്പെടുന്നു.
കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്നിലേക്ക് ഇത്തരമൊരു സംഭവം എത്തിക്കാന്‍ 'ബ്രിട്ടനിലെ ഗാര്‍ഡിയന്‍' പത്രം വേണ്ടി വന്നുവെന്നത് ലജ്ജാകരം തന്നെ.....

Tuesday, January 10, 2012

ദേവഭൂമിയിലൂടെ ഒരു യാത്ര

കെ.ഡി. ഹരികുമാര്‍
ലോകാ: സമസ്തു: സുഖിനോ: ഭവന്തു! എന്ന ആപ്തവാക്യത്തെ മുന്‍ നിര്‍ത്തി കഴിയുന്നവരാണ് ഭാരതീയര്‍. ലോകത്തിനു മുഴുവന്‍ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയുടെ സ്വപ്്‌നമാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ കൂടി പറഞ്ഞു കേള്‍ക്കുന്ന ഋഷീശ്വരന്‍മാരുടെ പുണ്യഭൂമി ഒരിക്കലെങ്കിലും ദര്‍ശിക്കുകയെന്നത്. ഹിമവാന്റെ പാദങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ദേവനദികളുടെ പണ്യം ഋഷീശ്വര ഭൂമിയില്‍ നിന്നുതന്നെ അനുഭവിക്കുകയെന്നത്് ഓരോ ഭാരതീയന്റെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന വികാരമാണ്. കോണ്‍ക്രീറ്റ് മന്ദിരങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും പ്രകൃതിയുടെ പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന ഗംഗാതടങ്ങളില്‍ കൂടിയുള്ള യാത്ര ഒരു മനുഷ്യായസില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഭൂതിയാണെന്നു പറഞ്ഞാല്‍ ഒരിക്കലെങ്കിലും ഇവിടം കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാരും കുറ്റപ്പെടുത്തില്ല. ദേവഭൂമിയായി അറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ഒന്നിലധികം തവണ യാത്ര ചെയ്യുവാനും, ഗംഗയില്‍ ഇറങ്ങി പാപമുക്തി വരുത്തുവാനും അവസരം ലഭിച്ചുവെന്നത് ഒരു ഭാഗ്യമായി കരുതുന്ന വ്യക്തിയാണു ഞാന്‍. വ്യത്യസ്ത വിശ്വാസപ്രമാണങ്ങളില്‍ കഴിയുന്നവര്‍ ഒന്നിച്ചുള്ള യാത്രയിലും ഗംഗയില്‍ ഒന്നിറങ്ങി മുങ്ങിക്കുളിക്കാന്‍ എല്ലാവരും കാണിച്ച ജിജ്ഞാസ ഓരോ മനസ്സിന്റെയുള്ളിലുമുള്ള നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉണര്‍വ്വാണ് പ്രകടിപ്പിക്കപ്പെട്ടത്.ഹരിദ്വാര്‍, ഋഷികേശ്, ബദരിനാഥ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു 2005 - 2006 വര്‍ഷം നടത്തിയത്. ജനപഥങ്ങളില്‍ നിന്നും അകന്ന് ഏകാന്തതയിലൂടെ ആത്മശാന്തി തേടുവാന്‍ ആഗ്രഹിക്കുന്നവരുടെ പുണ്യഭൂമിയാണിവിടം. ഹരിദ്വാറും, ഋഷികേശുമൊക്കെ നഗരവല്‍ക്കരണത്തിലേക്കു കടന്നെങ്കിലും ഗംഗയുടെ സാമീപ്യവും, ക്ഷേത്രങ്ങളിലെ മണിനാദങ്ങളും,വ്യത്യസ്ത തരത്തിലുള്ള ആശ്രമങ്ങളും ഇവിടെ എത്തുന്ന ഏതൊരാളെയും ആകര്‍ഷിക്കും. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്‍മാരുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രനഗരമാണ് 12 കിലോ മീറ്ററോളം വിസ്തൃതിയുള്ള ഹരിദ്വാര്‍. റോപ്‌വേയില്‍ കൂടി സഞ്ചരിച്ചെത്തുന്ന മാനസദേവി ക്ഷേത്രം ഏറെ ആകര്‍ഷണീയമാണ്. നീല്‍പര്‍വ്വതത്തില്‍ പട്ടാള നിയന്ത്രണത്തിലുള്ള ചണ്ഡീദേവി ക്ഷേത്രം, ദക്ഷമഹാദേവ ക്ഷേത്രം, സപ്തര്‍ഷി ആശ്രമം തുടങ്ങിയവയൊക്കെ ഹരിദ്വാറിന്റെ ആകര്‍ഷണീയ കേന്ദ്രങ്ങളാണ്. പ്രത്യേക സീസണ്‍ ഇല്ലാതെ ഏതുസമയവും വന്നുചേരാവുന്ന സ്ഥലം കൂടിയാണ് ഋഷികേശ്.സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പത്രപ്രവര്‍ത്തകരുടെ ഈ യാത്ര അപ്‌സരസുകള്‍ വിഹരിക്കുന്ന ദേവഭൂമിയുടെ അനുഭൂതികള്‍ അനുഭവിച്ചറിഞ്ഞുള്ള പഠനയാത്രയായിരുന്നു. സ്വപ്‌നദര്‍ശനങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയായി പോലും വിശേഷിപ്പിക്കാവുന്നതാണ്. കോട്ടയത്തു പിന്നും പതിനാറു പേരും, പത്തനംതിട്ടയില്‍ നിന്നും നാലു പേരുമാണ് ഒന്നരയാഴ്ച നീണ്ടു നിന്ന പര്യടനത്തില്‍ പങ്കാളികളായത്. അളകനന്ദയും, ഭാഗീരഥിയും, ഗംഗയുമടങ്ങുന്ന നദീതട സംസ്‌ക്കാരത്തിന്റെ ഓരങ്ങളില്‍ കൂടിയുള്ള സഞ്ചാരപഥത്തില്‍ നോക്കെത്താ ദൂരത്തുള്ള അഗാധഗര്‍ത്തങ്ങളും, മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പര്‍വ്വതനിരകളുംകണ്‍മുന്‍പില്‍ വന്നെത്തിയപ്പോള്‍ ഭാരതമെന്ന നാടിന്റെ സവിശേഷതകള്‍ ഓരോരുത്തരിലും സ്വന്തം ഭാവനകള്‍ ചിറകുവിടര്‍ത്തുകയായിരുന്നു.എറണാകുളത്തു നിന്നും തീവണ്ടിമാര്‍ഗ്ഗം ആഗ്രയിലെത്തി അവിടെ ഒരു രാത്രി ചിലവഴിച്ച് പ്രേമ ഗോപുരമായി ലോകമെമ്പാടും അറിയപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ബസ്സിലായിരുന്നു ദേവഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്. യു.പി, ഹിമാചല്‍ പ്രദേശ്, ചൈന, നേപ്പാള്‍ അതിര്‍ത്തികളായി വരുന്ന രാജ്യത്തെ 27 -ാമത്തെ സംസ്ഥാനമായി 2000 നവംബറില്‍ രൂപം കൊണ്ട ഉത്തരാഞ്ചല്‍ നേരില്‍ കാണുമ്പോള്‍ ഭാരതത്തിന്റെ പില്‍ഗ്രീം ടൂറിസത്തിന്റെ കേന്ദ്രബിന്ദു ഇവിടംതന്നെയാണെന്ന് ഓരോ യാത്രികനും ബോധ്യപ്പെടും. 92 ശതമാനവും ഹില്‍ ഏറിയാ ആയിട്ടുള്ള ഈ പ്രദേശത്തിന്റെ ഗേറ്റ്‌വേ ആണ് ശ്രേഷ്ഠമായ ഹരിദ്വാര്‍. യാത്രക്കിടയില്‍ കടുത്ത ചൂട് അനുഭവപ്പെട്ടതിനാല്‍ സായാഹ്നത്തില്‍ ഹരിദ്വാറിലെത്തിയ ഉടന്‍തന്നെ ഗംഗയില്‍ മുങ്ങിക്കുളിച്ച് ഊഷ്മളത കൈവരിച്ച ശേഷം ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടു. ഗംഗയിലെ സ്‌നാനത്തിനു ശേഷം ലഭിച്ച നവോന്മേഷം ഉള്ളുതുറന്നു പറയുന്നതിലും സംഘാംഗങ്ങള്‍ മടികാണിച്ചില്ലത്രേ.ഇതിനുശേഷം ഇവിടെ നിന്നും ഋഷികേശിലേക്കു തിരിച്ചു. രാത്രി തന്നെ ത്രിവേണി സംഗമത്തില്‍ പോയി ചിലര്‍ കൈകാല്‍ കഴുകിയും, മറ്റു ചിലര്‍ മുങ്ങിക്കുളിച്ചും സവിശേഷാനുഭൂതി നേടി വിശ്രമസ്ഥലത്തു വന്ന് ശയനം ആരംഭിച്ചു. പിറ്റേന്ന് രാവിലത്തെ പുലര്‍കാല തണുപ്പിനെ അവഗണിച്ച് എല്ലാവരും കുളിച്ച് പ്രഭാതഭക്ഷണം കഴിച്ച് തുടര്‍ യാത്രക്ക് ഒരുങ്ങി. രാംജൂല, ലക്ക്ഷമണ്‍ ജൂല, നിരവധി ആശ്രമങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം പഞ്ചപ്രയാഗുകള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ യാത്ര തുടര്‍ന്നു. വിവിധ നദികള്‍ ഗംഗയുമായി സംഗമിക്കുന്നതില്‍ അഞ്ചെണ്ണമാണ് ഹിന്ദുവിശ്വാസപ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നത്. വിഷ്ണു പ്രയാഗ്, നന്ദ പ്രയാഗ്, കര്‍ണ്ണ പ്രയാഗ്, രുദ്രപ്രയാഗ്, ദേവ പ്രയാഗ് എന്നിവയാണ് അവ. കൗസിനിയിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയത്. ഹിമാലയത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശമാണിവിടം.7816 മീറ്റര്‍ ഉയരമുള്ള നന്ദാദേവി, 7120 മീറ്റര്‍ ഉയരമുള്ള ത്രിശൂല്‍, നന്ദാക്കോട്ട് തുടങ്ങിയ പര്‍വ്വതങ്ങള്‍ മഞ്ഞില്‍ മുങ്ങിനില്‍ക്കുന്നത് വളരെ അടുത്തുകാണുവാന്‍ കഴിയുന്ന പ്രദേശമാണിവിടം. സൂര്യാസ്തമനവും, ഉദയവും നയനാന്ദകരമായി വീക്ഷിക്കുവാന്‍ കഴിയുമെന്നത് കൗസിനിയുടെ പ്രത്യേകതയാണ്. 1929ല്‍ മഹാത്മാ ഗാന്ധി 12 ദിവസം വിശ്രമിച്ച അനാശക്തി ആശ്രമവും ഇവിടെയാണ്. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആശ്രമകേന്ദ്രം പ്രമുഖ പര്‍വ്വതങ്ങളെ വീക്ഷിക്കുവാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണ്. അതുകൊണ്ടു തന്നെ കൗസിനിയില്‍ എത്തുന്നവരെല്ലാം ഇവിടെ വന്നേ മടങ്ങൂ. ഒരു രാത്രി ഇവിടെ തങ്ങിയശേഷം പിറ്റേന്ന് പ്രഭാതത്തില്‍ സൂര്യേദയം കണ്ട് ഞങ്ങള്‍ പ്രസിദ്ധമായ ജോഷിമഠിലേക്ക് യാത്ര തിരിച്ചു. ദേശീയപാതയാണെങ്കില്‍ കൂടിയും നാട്ടിന്‍പുറങ്ങളിലേ പോലുള്ള വീതിയുള്ള റോഡല്ലിത്. പര്‍വ്വതങ്ങളെ കെട്ടുപിണഞ്ഞു കിടക്കുന്ന റോഡിന്റെ ഒരു വശത്ത് അഗാധ ഗര്‍ത്തങ്ങളും, മറുഭാഗത്ത് ഇപ്പോള്‍ പൊട്ടിവീഴുമെന്ന കണക്കില്‍ നില്‍ക്കുന്ന പാറക്കെട്ടുകളുമാണ്. ഈ യാത്രാവേളയില്‍ ആരും മനസ്സുകൊണ്ട് ദൈവത്തിന്റെ അടുത്തെത്തും.വളരെ അപകടകരമായ ഈ റോഡില്‍ കൂടി വാഹനം ഓടിക്കണമെങ്കില്‍ ഡ്രൈവര്‍മാര്‍ ഋഷികേശില്‍ നിന്നും പ്രത്യേക പാസ്സ് വാങ്ങിയിരിക്കണം.റോഡിന്റെ വശങ്ങളിലെ കൊക്കകളില്‍ ലോറി, ജീപ്പ് തുടങ്ങി പല വാഹനങ്ങളും അപകടത്തില്‍പ്പെട്ട് കിടക്കുന്നതും കാണാനായി. ഏതുസമയവും പാറക്കെട്ടുകള്‍ അടര്‍ന്നു വീഴാവുന്ന സാഹചര്യമായതിനാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഒരു വിഭാഗം രാപകലില്ലാതെ ഈ പാതയോരത്ത് ഉണ്ടാകും. ഞങ്ങളുടെ യാത്രയും ഇടയ്ക്ക് മണിക്കൂറുകളോളം തടസ്സപ്പെട്ടു. അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ പാറക്കൂട്ടങ്ങള്‍ റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടതാണെന്ന് മനസ്സിലായി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി. യാത്രാ തടസ്സം മാറിയതോടെ ചെങ്കുത്തായ മലകളും, ഇറക്കങ്ങളും താണ്ടി നീങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ മലയാളിക്ക് അഭിമാനിക്കാവുന്ന ജോഷിമഠില്‍ എത്തിച്ചേര്‍ന്നു. ബദരിനാഥിന്റെ കവാടമാണ് ജോഷിമഠ്. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യ സ്വാമികള്‍ കാല്‍നടയായി ഭാരതപരിക്രമണം നടത്തിയ സന്ദര്‍ഭത്തില്‍ സ്ഥാപിതമായ മഠങ്ങളില്‍ ഒന്നിവിടെയാണ്. സ്വാമികള്‍ ധ്യാനനിരതനായി ഇരുന്ന വൃക്ഷം ഇന്നും ഇവിടെ ദേവതുല്യമായി പരിപാലിക്കപ്പെടുന്നുണ്ട്. മലയാളികളാണെന്ന് അറിയുമ്പോള്‍ ശങ്കരാചാര്യരുടെ പിന്‍മുറക്കാരാണെന്ന ബഹുമാനത്തോടു കൂടിയാണ് തദ്ദേശവാസികള്‍ പെരുമാറുന്നത്.ഇവിടെ നിന്നും 44 കിലോ മീറ്റര്‍ അകലെയുള്ള ബദരിനാഥിലേക്കും, അവിടെ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഭാരത - ചൈന അതിര്‍ത്തിയായ മന്നയിലേക്കും പോകാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നെങ്കിലും സൈനിക അനുമതി ലഭിക്കാതെ വന്നതിനാല്‍ സാധിച്ചില്ല. കനത്ത മഞ്ഞുവീഴ്ചമൂലം റോഡ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സൈന്യം തുടര്‍യാത്ര വിലക്കിയത്. തുടര്‍ന്ന് നരസംഹ ക്ഷേത്രം, ദുര്‍ഗ്ഗാ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി.പിന്നീട് രാജ്യത്തെ രണ്ടാമത്തെ ഉയരംകൂടിയ റോപ്പ്‌വേയില്‍ കൂടി മഞ്ഞുപാളികള്‍ നിറഞ്ഞു നില്‍ക്കുന്ന പര്‍വ്വതനിരകളിലേക്കൊരു യാത്ര. ഒരു സമയം 25 പേരുമായാണ് ഉയരങ്ങളിലേക്കുള്ള യാത്ര. ഇത് പേടിപ്പെടുത്തുന്നതും ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ചെറുചൂളമരങ്ങളും, പൈന്‍മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന കുന്നുകളും, നിരപ്പായ പ്രദേശങ്ങളും മഞ്ഞില്‍പുതച്ചു നില്‍ക്കുകയായിരുന്നു. മെത്തവിരിച്ചിട്ടിരിക്കുന്നതു പൊലുള്ള മഞ്ഞുപാളികള്‍ക്കു മുകളില്‍കൂടി ആര്‍ത്തുരസിച്ച്, പഞ്ഞിപോലെ കിടക്കുന്ന മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞ് മണിക്കൂറുകളോളം ചിലവഴിച്ച് റോപ്പ്‌വേയില്‍ തന്നെ വീണ്ടും ജോഷിമഠിന്റെ മടിത്തട്ടിലേക്കു മടങ്ങി. കയറിപ്പോകുന്നതിനേക്കാള്‍ ഭയാനകമാണ് ഇറങ്ങിവരവ്. സൂര്യകിരണങ്ങളേറ്റ് തിളങ്ങി നില്‍ക്കുന്ന മഞ്ഞുനിറഞ്ഞ പര്‍വ്വതനിരകളില്‍ നിന്നും കണ്ണെടുക്കാതെ ഞങ്ങളെ ഇവിടെ എത്തിച്ച ബസ്സില്‍തന്നെ മടക്കയാത്ര ആരംഭിച്ചു നഗരസാമിപ്യം നിറഞ്ഞു നില്‍ക്കുന്ന മുസ്സോറിയിലേക്ക്. രാജ്യത്തെ ഐ.എ.എസ് സെലക്ഷന്‍ ലഭിക്കുന്നവരുടെ പരിശീലന കേന്ദ്രമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലയിലാണ് സാധാരണ ജനങ്ങള്‍ക്കിടയില്‍ മുസ്സോറി അറിയപ്പെടുന്നത്. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 6600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുസ്സോറി മനസ്സിനെ ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രം തന്നെയാണ് . ഇവിടെ നിന്നും ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ ഡെറാഡൂണിലൂടെ തടാകങ്ങളുടെ നഗരമായ നൈനിറ്റാളിലേക്കാണ് നീങ്ങിയത്. സന്ധ്യയോടടുത്ത് എത്തി. വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ശരീരത്തെ തണുപ്പ് വലയം ചെയ്തു. മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടലിലെത്തി ഗ്രൂപ്പ് തിരിഞ്ഞ് മുറികള്‍ തരപ്പെടുത്തി രാത്രികാഴ്ചകള്‍ക്കായി ഇറങ്ങി. ഹോട്ടലിനു മുന്നിലെ വിശാലമായ റോഡിനപ്പുറം സ്ഥിതിചെയ്യുന്ന നൈനിതടാകം മനസ്സിന് കുളിര്‍മ നല്‍കുന്നതായിരുന്നു. കാറൂണ്‍ മലകളാല്‍ ചുറ്റപ്പെട്ട നൈനിറ്റാളില്‍ ചെറുതും, വലുതുമായ എട്ടോളം തടാകങ്ങളാണുള്ളത്. സമയക്കുറവു കൊണ്ട് ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. നൈനാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഇതിനിടയില്‍ സാധിച്ചു. വിനോദ സഞ്ചാരികളുടെ ഈ സ്വപ്‌നഭൂമിയിലെ വലിയ തടാകം ഭീം താള്‍ ആണ്. ഒരു രാത്രി ചെലവഴിച്ച് ഇവിടെ നിന്നും യാത്രപുറപ്പെട്ടത് പൈന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പ്രദേശത്തു കൂടിയാണ്. ഹെയര്‍പിന്‍ വളവുകളോടു കൂടിയ റോഡിലൂടെയുള്ള യാത്ര ഉയരങ്ങളിലേക്കെത്തുമ്പോള്‍ നൈനിറ്റാളിന്റെ മനോഹാരിത കൂടിവരികയായിരുന്നു. യാത്രാ മദ്ധ്യേ ഇന്ത്യന്‍ മിലിട്ടറിയുടെ പരിശീലന കേന്ദ്രവും കാണുവാന്‍ കഴിഞ്ഞു. എന്നാല്‍ ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കിലോമീറ്ററുകള്‍ പിന്നിട്ടെത്തിയത് ലോകപ്രസിദ്ധ വന്യമൃഗ സങ്കേതമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ്. നാലു ജീപ്പുകളിലായി പാര്‍ക്കിനുള്ളിലേക്ക് യാത്ര തിരിച്ചു. നിര്‍ഭാഗ്യവശാല്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന യാത്രക്കിടയിലൊന്നും വന്യമൃഗങ്ങളെ കാര്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു രാത്രി ചെലവഴിച്ചാല്‍ കാഴ്ചകള്‍ ആസ്വാദ്യകരമാകുമെന്നറിഞ്ഞെങ്കിലും സമയപരിമിധി അതിനനുവദിച്ചില്ല.പാര്‍ക്കില്‍ നിന്നും പുറത്തെത്തി യാത്ര തുടര്‍ന്നു, ഇവിടെ നിന്നും ഒരുരാത്രി മുഴുവന്‍ ചെലവഴിച്ചുള്ള യാത്ര രാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലേക്കായിരുന്നു. നേരം പുലരാറായപ്പോഴേക്കും ചാറ്റല്‍മഴയും തണുപ്പും ഇടകലര്‍ന്ന ഇന്ദ്രപ്രസ്ഥ നഗരിയില്‍ എത്തിച്ചേര്‍ന്നു. മുന്‍കൂട്ടി നിശ്ചയിച്ച ഹോട്ടലിലെ മുറികളില്‍ കയറിപ്പറ്റി യാത്രാക്ഷീണം തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും. പിന്നീട് രണ്ടുദിനം മാത്രമാണ് ന്യൂ ദല്‍ഹിയെന്ന തലസ്ഥാന നഗരിയില്‍ ചെലവഴിക്കാനുള്ളത്. മെട്രോ നഗരം ചുറ്റിയടിക്കുന്നതിനും, കൂട്ടുകാരെയും മറ്റും സന്ദര്‍ശിക്കുന്നതിനും മറ്റുമായി ഗ്രൂപ്പു തിരിഞ്ഞുള്ള യാത്രകള്‍ ആരംഭിച്ചു. ഇതിനിടയില്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ കഴിയും വിധത്തില്‍ പാര്‍ലമെന്റ് മന്ദിരവും, രാഷ്ട്രപതി ഭവനും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. രാഷ്ട്രപതി മന്ദിരത്തിലെ കുട്ടികളുടെ വിജ്ഞാനപ്രദമായ ലൈബ്രറിയും, മുഗള്‍ ഗാര്‍ഡനും എന്നും ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായിരുന്നു. ഒന്നരയാഴ്ച കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഓര്‍മ്മകള്‍ കുടുംബാംഗങ്ങളും, കൂട്ടുകാരുമായി പങ്കുവെക്കുവാന്‍ കഴിയുന്ന തരത്തില്‍ വിവിധതരത്തിലുള്ള പര്‍ച്ചയിസിംഗ് നടത്തിയാണ് മലയാളത്തിന്റെ മണ്ണിലേക്കുള്ള മടക്കയാത്ര.

മലയാളിയുടെ അലങ്കരപ്രിയം

കെ.ഡി. ഹരികുമാര്‍
സ്വന്തമായി ഒരു വീട് മലയാളികളില്‍ ഏതൊരാളുടെയും സ്വപ്‌നമാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ തുടങ്ങി സമൂഹത്തിലെ സമ്പന്നന്മര്‍വരെ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തോടു കൂടിയ വീടുകള്‍ നിര്‍മ്മിച്ച് രാപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു വീടെന്ന ആഗ്രഹം പൂവണിയുവാന്‍ എത്ര ത്യാഗങ്ങള്‍ അനുഭവിക്കാനും തയ്യാറാണ്. വീടുകള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും അവ സംരക്ഷിക്കുന്നതില്‍ പ്രത്യേകിച്ച് മലയാളികള്‍ കാണിക്കുന്ന ജാഗ്രത മോടിപിടിപ്പിച്ച് ആകര്‍ഷകമാക്കുന്നതിലുമുണ്ട്.
ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കുന്ന ശ്രദ്ധയോടെയാണ് മിക്കവരും സ്വന്തം വീടിനെ അലംകൃതമാക്കുന്നതിനും ശ്രദ്ധവയ്ക്കുന്നത്്. സാമ്പത്തിക നിലയനുസരിച്ച് ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും മലയാളിയുടെ അലങ്കാരഭ്രമം ഓരോ വീട്ടിലും എവിടെയെങ്കിലുമൊക്കെ ദര്‍ശിക്കുവാന്‍ കഴിയും.
ഇന്ന് മിക്ക വീടുകള്‍ക്കും വിസ്തൃതമായ ചുറ്റുപാടുകള്‍ ഉണ്ടാകാറില്ല. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. എന്നിരുന്നാലും വീട് അലങ്കാരത്തില്‍ ആരും പന്നോക്കം പോകാറില്ല.
ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് വിസ്തൃതമായ ചുറ്റുപാടുകളോടു കൂടിയ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ പൂന്തോപ്പുകള്‍ക്കു തന്നെയാണ് പ്രഥമ പരിഗണന. എന്നാല്‍ നഗരങ്ങളിലും മറ്റും പൂച്ചെടികള്‍ക്കൊപ്പം വീടലങ്കാരത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നായി അലങ്കാരമത്സ്യങ്ങളും, ലൗ ബേര്‍ഡ്‌സും മാറ്റപ്പെട്ടു കഴിഞ്ഞു. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ പോലെ പലനിറത്തിലും വര്‍ണ്ണത്തിലുമുള്ള മത്സ്യങ്ങളോടു കൂടിയ അക്വേറിയങ്ങള്‍ മിക്ക വീടുകളുടെയും അകത്തളങ്ങളില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു. വാസ്തു ശാസ്ത്രത്തിലധിഷ്ഠിതമായി നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ അലങ്കാരത്തേക്കാളുപരി മത്സ്യങ്ങള്‍ വീടിന് ഐശ്വര്യമാണെന്ന വിശ്വാസവും മലയാളികള്‍ക്കിടയില്‍ സജീവമായിട്ടുണ്ട്.
അതിഥികള്‍ക്ക് ആകര്‍ഷകത്വം നല്‍കി വീടിന്റെ പൂമുഖത്തുതന്നെ പലരും അക്വേറിയങ്ങള്‍ വയ്ക്കാറുണ്ട്. ചിലര്‍ സുരക്ഷകൂടി കണക്കിലെടുത്ത് വീട്ടിനുള്ളിലാകും വയ്ക്കുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌യമായി അലങ്കാര മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നതോടെ ഇത്തരം മിനി അക്വേറിയങ്ങള്‍ സജ്ജമാക്കി നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതിനൊപ്പം പുതിയ തൊഴില്‍ മേഖലകൂടി രൂപപ്പെടുകയുണ്ടായി. ഓരോരുത്തരുടെയും വരുമാനത്തിനനുസൃതമായി ഇന്ന് വിപണികളില്‍ അക്വേറിയങ്ങള്‍ ലഭിക്കും. നഗരങ്ങളില്‍ നിന്നും ഇതിന്റെ വ്യാപാരശൃംഖല ഗ്രാമങ്ങളിലേക്കും ചുവടു പിടിച്ചു കഴിഞ്ഞു. പക്ഷിയിനങ്ങ ളില്‍ മുമ്പ് തത്തയും മറ്റുമായിരുന്നു വീടുകളിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് പലതരം നിറങ്ങളോടു കൂടിയ 'ലൗബേര്‍ഡ്‌സ്' എന്നറിയപ്പെടുന്ന ചെറിയ കിളികളാണ് കൗതുകമുണര്‍ത്തി വീടുകളുടെ ഉമ്മറങ്ങളില്‍ പറന്നു കളിക്കുന്നത്. മിക്കപ്പോഴും നിശബ്ദതയിലാണ്ടു കിടക്കാറുള്ള വീടുകളില്‍ എപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഇവയുടെ സാന്നിധ്യം പുതുമ നല്‍കുന്നു.
ഇവയ്‌ക്കെല്ലാം പുറമേ വളര്‍ത്തു പക്ഷികളുടെ ഇനങ്ങളിലേക്ക് ഗിനിക്കോഴി, ഫാന്‍സി കോഴികള്‍, പ്രാവ് എന്നിവയും കടന്നു വന്നിട്ടുണ്ട്.

Saturday, January 7, 2012

ഭക്തിയുടെ ദിഗ്‌വിജയം

കെ.ഡി.ഹരികുമാര്‍

ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രം ഭാഗവതോപദേശം സ്വീകരിച്ച് ജീവിതം ധര്‍മ്മപ്രചാരണത്തിനായി ഉഴിഞ്ഞുവെച്ച്, ഭാഗവതാചാര്യന്മാരുടെ ആദരവും അംഗീകാരവും നേടി പുതിയ തലമുറ പൂന്താനമായി വിശേഷിപ്പിക്കുന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി നവതിയുടെ നിറവില്‍.
അരനൂറ്റാണ്ടിലേറെക്കാലം ദേശകാലങ്ങളെ കടന്ന് ഭാഗവതപാരായണത്തിന്റെയും വ്യാഖ്യാനത്തിന്റെയും താഴ്‌വരകളും കൊടുമുടികളും പിന്നിട്ട് 90-ാം വയസ്സിലും പോറലേല്‍ക്കാത്ത മനീഷിയായി നമ്മോടൊപ്പമുള്ള മള്ളിയൂര്‍ ജീവിച്ചിരിക്കുന്ന തപോധനന്മാരിലെ ഒരു ഇതിഹാസമാണ്.
ദാരിദ്ര്യവും രോഗവും കഷ്ടപ്പാടുകളും സമ്മാനിച്ച വേദനകള്‍ക്കിടെ ''ഒരുനാളിലുമില്ലെന്‍ സൗഖ്യമെന്‍ ജീവിതം'' എന്ന് ഒരിക്കല്‍ കരുതിയ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഭാഗവതഗ്രന്ഥത്തെ നെഞ്ചിലേറ്റിയിട്ട് നിര്‍മ്മലവും സുതാര്യവുമായ ഒമ്പത് ദശകമെത്തുന്നു. രണ്ടായിരത്തി അഞ്ഞൂറോളം ഭാഗവതസപ്താഹങ്ങള്‍ക്ക് ആചാര്യ പദവിയലങ്കരിച്ച് ആ രംഗത്തെ നിത്യവിസ്മയമായി മാറ്റപ്പെട്ട മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിയെത്തേടി ഭക്തലക്ഷങ്ങളാണ് ഇന്ന് കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ സ്ഥിതിചെയ്യുന്ന മള്ളിയൂര്‍ ഇല്ലത്തേക്കും, മഹാഗണപതിക്ഷേത്രത്തിലേക്കും ഒഴുകിയെത്തുന്നത്.
ഭക്തികൊണ്ടു മാത്രമേ ഭാഗവതതത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയൂ എന്നറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. കൃഷ്ണനാമം ഉരുവിട്ട് നാടായ നാടുമുഴുവനും ഭഗവാന്റെ കഥ പാടിനടന്ന ഒരു ഉത്തമ ഭക്തന്റെ എളിമയുടെ ദിഗ്വിജയം കൂടിയാണ് മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജീവിതഗാഥ. അനുഭവിച്ചറിഞ്ഞ ദുരിതങ്ങളെ ഭഗവാന്റെ പരീക്ഷണമായി തിരിച്ചറിഞ്ഞ് തന്റെ ഓരോ വാക്കും മനുഷ്യ സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്ന പ്രാര്‍ത്ഥനയാണ് ഈ തപോധനന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത് അല്പനേരം ചെലവഴിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.
കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ അതിപുരാതനമായ മള്ളിയൂര്‍ ഇല്ലത്ത് 1921 ഫെബ്രുവരി രണ്ടിന്, മൂലം നക്ഷത്രത്തില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മധുരമറ്റത്ത് ആര്യാ അന്തര്‍ജ്ജനത്തിന്റെയും സീമന്തപുത്രനായിട്ടാണ് ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. രാജകൊട്ടാരവുമായി നല്ല അടുപ്പവും കൊട്ടാരത്തില്‍ ആദരണീയ സ്ഥാനവുമുണ്ടായിരുന്ന സമ്പന്നകാലത്തിന്റെ ചരിത്രം മള്ളിയൂര്‍ മനയ്ക്ക് പറയാനുണ്ടെങ്കിലും കാലക്രമത്തില്‍ അതൊക്കെ അന്യമായി. തറവാട് ക്ഷയിച്ചതിനൊപ്പം പ്രാരബ്ധത്തിന്റെയും പട്ടിണിയുടെയും നടുക്കയത്തിലേക്കായിരുന്നു ശങ്കരന്‍ നമ്പൂതിരിയുടെ ജനനം എന്നുതന്നെ പറയാം.
നെല്‍കൃഷിയില്‍ നിന്നുള്ള തുച്ഛമായ വരുമാനമായിരുന്നു മള്ളിയൂര്‍ കുടുംബത്തിന്റെ ഏക ആശ്രയം. ഇതിനിടയില്‍ ദാരിദ്ര്യവും രോഗാരിഷ്ടതയും കുട്ടിശങ്കരന്‍ ബാല്യത്തില്‍ തന്നെ അനുഭവിച്ചു തുടങ്ങി. രോഗം മൂര്‍ച്ഛിച്ച് പലവട്ടം മൃത്യുവിന്റെ പടിവാതില്‍ക്കല്‍ വരെയെത്തി തിരിച്ചു മടങ്ങി. നിരന്തരമുള്ള രോഗാവസ്ഥ കണക്കിലെടുത്ത് പല ജ്യോതിഷികളെക്കൊണ്ടും ജാതകം ഗണിപ്പിച്ചു. മിക്കവരും യൗവ്വനം മറികടക്കുന്നതില്‍ സംശയമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഭഗവദ് നിശ്ചയം മറ്റൊന്നായിരുന്നു - ഭഗവദ് സന്ദേശവാഹകനാകുക. ശങ്കരന്‍ നമ്പൂതിരിയുടെ കാര്യത്തില്‍ അതും പൂര്‍ണ്ണമായിരിക്കുന്നു.
എട്ടാം വയസ്സില്‍ ഉപനയനം കഴിഞ്ഞ് 14-ാം വയസ്സില്‍ സമാവര്‍ത്തനം കഴിയുംവരെ മള്ളിയൂര്‍ ഇല്ലത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പൂജാകര്‍മ്മങ്ങള്‍ സ്വായത്തമാക്കുകയും പരിശീലിക്കുകയും ചെയ്തു.
പ്രാരബ്ധങ്ങളും മാമൂലുകളില്‍ കുടുങ്ങിക്കിടന്ന അച്ഛന്റെ വിശ്വാസ പ്രമാണങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ബാല്യകാല വിദ്യാഭ്യാസം കുട്ടിശങ്കരന് അന്യമായി. എങ്കിലും മകന്റെ ജ്ഞാനതൃഷ്ണയെ അച്ഛനും അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സംസ്‌കൃതം പഠിക്കുവാനുള്ള ആഗ്രഹത്തെ അച്ഛനും അനുകൂലിച്ചപ്പോള്‍ ആ മനസ്സ് ആഹ്ലാദത്താല്‍ തുടിച്ചു. അങ്ങനെ 14-ാമത്തെ വയസ്സില്‍ സംസ്‌കൃതം അഭ്യസിച്ചു തുടങ്ങി. പട്ടമന വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഗുരു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട രോഗം സംസ്‌കൃത പഠനത്തിന്റെ പൂര്‍ത്തീകരണത്തെയും ബാധിച്ചു.
പക്ഷേ, ''മുളയിലേ അറിയാം, മുളക്കരുത്ത്'' എന്ന പഴമൊഴിപോലെയായിരുന്നു കുട്ടിശങ്കരനിലെ മികവ്. പഠനത്തിലും ക്ഷേത്രപൂജകളിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം സ്വന്തം പാടവം തെളിയിച്ചു. ശങ്കരന്റെ ഏകാഗ്രത നിറഞ്ഞ പൂജകളും, നിഷ്ഠകളും വീക്ഷിച്ച അച്ഛന്റെ ഒരു സുഹൃത്ത് ശങ്കരനെ കോഴിക്കോട് കൈതക്കോട് ക്ഷേത്രത്തില്‍ ശാന്തിക്ക് സഹായിയായി അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്‌കൃതത്തില്‍ കൂടുതല്‍ പഠനത്തിനുള്ള സൗകര്യം അവിടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായം അച്ഛനും സ്വീകാര്യമായിരുന്നു. ഇതനുസരിച്ച് കോഴിക്കോട്ട് എത്തി ശാന്തിക്കാരന്റെ സഹായിയായി. ജോലിക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചുള്ള പഠനം കൂടിയായപ്പോള്‍ ശങ്കരന്‍ വിശ്രമം എന്തെന്ന് അറിയാതെയായി.
കഠിനമായ ശാരീരിക മാനസിക അധ്വാനങ്ങള്‍ കുട്ടിശങ്കരനെ രോഗിയാക്കി. ദഹനക്കേടില്‍ ആരംഭിച്ച അസ്വസ്ഥത മഹാവ്യാധിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. ചികിത്സകള്‍ പലതും മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. കുട്ടിശങ്കരന്‍ രക്ഷപ്പെടുമോ എന്നുവരെയായി ബന്ധുക്കളുടെ ആശങ്ക. വൈദ്യന്മാര്‍ എല്ലാവരും കയ്യൊഴിഞ്ഞു. പ്രതീക്ഷകളെല്ലാം കൈവിട്ടു.
ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂവെന്ന വിധിയെഴുത്ത് വൈദ്യമുഖങ്ങളില്‍ നിന്നും ഉയര്‍ന്നു. മഹാവൈദ്യനായ സര്‍വ്വേശ്വരനെ തന്നെ ശരണാഗതി പ്രാപിക്കുക. ആ തൃപ്പാദങ്ങളില്‍ സര്‍വ്വവും സമര്‍പ്പിക്കുക. കുളിയും തേവാരവും കഴിഞ്ഞ് വന്നനേരം വൈദ്യകല്പനകള്‍ കേട്ട് കുട്ടിശങ്കരന്‍ അമ്മയുടെ മുന്നില്‍ നിന്ന് ഏങ്ങലടിച്ചു പോയി. എല്ലാം കേട്ടും കണ്ടും നെടുവീര്‍പ്പിട്ട അമ്മ പറഞ്ഞു ''ഗുരുവായൂരപ്പനെ കാണണം. പന്ത്രണ്ടുനാള്‍ ഭജനം കൂടണം. ഒക്കെ നേരെയാകും. ഭഗവാന്‍ കൈവിടില്ല'' വാത്സല്യനിധിയായ അമ്മയുടെ വിതുമ്പലുകളോടുള്ള വാക്കുകള്‍ ശങ്കരന്‍ ശിരസ്സാ വഹിച്ചു. പക്ഷേ അവിടെയും കാതലായ ഒരു പ്രശ്‌നം വഴിമുടക്കി നിന്നു. കൈവശം കാല്‍ കാശില്ല, ഗുരുവായൂരില്‍ എങ്ങനെ എത്തിച്ചേരും? എത്തും പിടിയുമില്ലാത്ത ചോദ്യത്തിനു മുമ്പില്‍ ശങ്കരന്‍ വിഷമിച്ചു. അതിനും ഗുരുവായൂരപ്പന്‍ തന്നെ തുണച്ചു. അമ്മ തന്റെ പെട്ടിയില്‍ ദീര്‍ഘനാളായി സൂക്ഷിച്ചിരുന്ന ചിരകാല സമ്പാദ്യമായ ഒറ്റരൂപാ നാണയം എടുത്തു നല്‍കി അനുഗ്രഹിച്ചു. അമ്മയോട് യാത്രപറഞ്ഞ് നിറകണ്ണുകളോടെ പരദേവതയെ മനസ്സില്‍ ധ്യാനിച്ച് പടിയിറങ്ങി. അമ്മയുടെ വീട്ടിലെത്തിയപ്പോള്‍ ആശ്വാസമായി ഒരു സംഭാവന ലഭിച്ചു. ഇതിനു പുറമേ ചെറിയമ്മയുടെ വകയായും യാത്രക്കുള്ള ചില്ലറ നാണയങ്ങള്‍ ശങ്കരന്റെ വശമെത്തി. ആദ്യം തൃശ്ശൂരിലും, അവിടെ നിന്ന് ഗുരുവായൂരപ്പ സവിധത്തിലുമെത്തി.
ഗുരുവായൂര്‍ തെക്കേനടയില്‍ ഓതിക്കന്മാര്‍ക്കൊപ്പം 53 ദിവസത്തെ ഭജനം. ഇതിനിടയില്‍ ഭാഗവതത്തില്‍ അവഗാഹം നേടിയ ആചാര്യനായ പടപ്പ നമ്പൂതിരിയുമായി പരിചയപ്പെട്ടു. അത് ശങ്കരന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറ്റപ്പെട്ടു. ഭഗവാന്റെ ദിവ്യസങ്കേതത്തില്‍ വച്ച് ഭാഗവതോപദേശം നല്‍കി പടപ്പ നമ്പൂതിരി കുട്ടിശങ്കരനെ അനുഗ്രഹിച്ചു. രോഗവും, ദാരിദ്ര്യവുമായി ഭഗവദ് സന്നിധിയിലെത്തിയ മള്ളിയൂരിന്റെ മനസ്സിന് കുളിര്‍മ നല്‍കുന്നതായിരുന്നു ഭാഗവതോപദേശം. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ അറിവിന്റെ അശ്വമേധയാത്രയ്ക്ക് ഇവിടെ തുടക്കമാവുകയാണ്.
ഭാഗവതോപദേശം സിദ്ധിച്ചാല്‍ നിത്യേന പാരായണം നടത്തണം. എന്നാല്‍ സ്വന്തമായി ഭാഗവതം വാങ്ങാനുള്ള പണം കൈവശമില്ല. ഭഗവദ് സന്നിധിയിലെത്തുന്നവരുടെ ഭാഗവതം മാറിമാറി വാങ്ങി തന്റെ ചുമതല മുടങ്ങാതെ നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞ് ഭക്തന്റെ യോഗക്ഷേമത്തില്‍ തെല്ലും വിട്ടുവീഴ്ച കാണിക്കാത്ത ഗുരുവായൂരപ്പന്‍ തന്നെ ഭാഗവതം ലഭിക്കാന്‍ വഴികാണിച്ചതായി മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഇന്നും നിറകണ്ണുകളോടെ പറയും. ഭാഗവതം ദാനമായി നല്‍കുന്ന ഒരു അമ്മാള്‍ തനിക്ക് മറ്റൊരാള്‍ മുഖേന ഭാഗവതപുസ്തകം എത്തിക്കുകയായിരുന്നുവെന്നും, അവരുമായി നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓര്‍മ്മകളുടെ ഏടുകളില്‍ നിന്നും മള്ളിയൂര്‍ വെളിപ്പെടുത്തുന്നു.
ശങ്കരന്‍ നമ്പൂതിരി സാത്വിക വിശുദ്ധിയുടെ അകമ്പടിയോടെ സാധാരണജനങ്ങളെ ഭഗവാനിലേക്ക് ആകര്‍ഷിക്കും വിധത്തില്‍ ഭാഗവതം വായിച്ച് അര്‍ത്ഥം വിശദീകരിച്ചു തുടങ്ങിയതോടെ ഭക്തജന സഹസ്രങ്ങളുടെ ആദരവ് അദ്ദേഹത്തെ തേടിയെത്തി. ഭഗവാന്റെ മാഹാത്മ്യം കഥകളും ഉപകഥകളും വ്യാഖ്യാനിച്ച് വിശദീകരിക്കുമ്പോള്‍ ആസ്വാദകവൃന്ദം ഈശ്വരാനുഭൂതി സ്വന്തം ഹൃദയത്തില്‍തൊട്ട് അറിയുകയായിരുന്നു. ഗുരുവായൂരില്‍ നിന്നും മടങ്ങി ഇല്ലത്ത് എത്തിയപ്പോള്‍ സാമവേദിയായ തിരുവാര്‍പ്പ് സ്വാമിയാരുടെ മഠത്തില്‍ താമസിച്ച് പഠിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത് അദ്ദേഹത്തിന് അതിരറ്റ ആഹ്ലാദം നല്‍കി. ബാല്യം മുതല്‍ പഠനം മനസ്സില്‍ കൊണ്ടുനടന്ന അദ്ദേഹത്തിന് സംസ്‌കൃതത്തില്‍ പാണ്ഡിത്യം കൈവരിക്കുവാനുള്ള സന്ദര്‍ഭം ഭഗവാന്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുന്നു. എന്നാല്‍ ഏതൊരു സന്ദര്‍ഭത്തിലും ഭക്തനെ പരീക്ഷിക്കുകയെന്ന ഭഗവാന്റെ ലീലകള്‍ അവിടെയും അരങ്ങേറി. അമ്മ ശയ്യാവലംബയായി. അമ്മയോ, സംസ്‌കൃതമോ എന്ന ചോദ്യമുയര്‍ന്നു. ശങ്കരന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. തന്നെ ഭഗവദ് സന്നിധിയിലേക്ക് അനുഗ്രഹിച്ച് ആശിര്‍വദിച്ച് പറഞ്ഞയച്ച അമ്മയുടെ പരിചരണത്തിന് തന്നെ മുന്‍തൂക്കം നല്‍കി.
ഇതിനിടെ ഭാഗവതപാരായണ വൈദഗ്ദ്ധ്യവും ലളിത പദങ്ങളിലൂടെ അര്‍ത്ഥം വിശദീകരിക്കുന്നതിലുള്ള കഴിവും ശങ്കരന്‍ നമ്പൂതിരിയെ അപാര സഹനശക്തിയുടെ ഉടമയും, സാത്വിക വിശുദ്ധിയുടെ ആള്‍രൂപവുമായി മാറ്റിക്കഴിഞ്ഞിരുന്നു. ഗുരുവായൂര്‍ ഭാഗവത വിജ്ഞാനസമിതി 'ഭാഗവതഹംസം' എന്ന ബിരുദം നല്‍കി ആദരിച്ചതോടെ മള്ളിയൂരിന്റെ ഖ്യാതി അഖിലലോകത്തിലുമെത്തി. ബാലഗോകുലം ജന്മാഷ്ടമി പുരസ്‌ക്കാരം സമര്‍പ്പിച്ച് ആദരിച്ചു.
സംസ്‌കൃതത്തിലും, ഭാഗവതത്തിലും പാണ്ഡിത്യമുള്ള മള്ളിയൂര്‍ തിരുമേനിക്ക് അധികമാരും അറിയപ്പെടാത്ത മറ്റൊരു വ്യക്തിത്വം കൂടിയുണ്ട്. അദ്ദേഹം നല്ലൊരു കവികൂടിയാണ്. മലയാളത്തിലും, സംസ്‌കൃതത്തിലുമായി മൂന്ന് ഗണപതി സ്തുതികള്‍ രചിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാമായണ വ്യാഖ്യാനമായ രാമകഥാ മാധുരി, പുഷ്പാഞ്ജലി എന്നിവയും മള്ളിയൂരിന്റെ രചനാ വൈഭവം പ്രകടമാക്കുന്നവയാണ്.
കാണുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇവിടെ മള്ളിയൂര്‍ ആത്മീയതയിലേക്കുള്ള രാജപാത സ്വജീവിതത്തിന്റെ ഏടുകള്‍ നിവര്‍ത്ത് നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നു. അര്‍ത്ഥവത്തായ ഒരു ജീവിതം ആത്മീയതയില്‍ക്കൂടി മാത്രമേ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം അനുഭവങ്ങളില്‍ കൂടി വ്യക്തമാക്കുന്നു.
സര്‍വ്വതും ഭഗവദ് സന്നിധിയില്‍ സമര്‍പ്പിച്ച് മള്ളിയൂര്‍ ക്ഷേത്രത്തിനു മാത്രം സ്വന്തമായ വൈഷ്ണവ ഗണപതിയുടെ മഹാസന്നിധിയില്‍ വിഘ്‌നേശ്വര സ്തുതികളുമായി തലമുറകള്‍ക്ക് വഴികാട്ടിയായി, പ്രകാശഗോപുരമായി വിശ്രമജീവതം നയിക്കുമ്പോഴും ഭക്തര്‍ക്കിടയിലെ ഭാഗവതഹംസം നിറപുഞ്ചിരിയുമായി കര്‍മ്മക്ഷേത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാഗവതോപാസകന്റെ നിറസാന്നിദ്ധ്യമുള്ള മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം മലയാളനാടിനെന്നല്ല, മറുനാടിനും അഷ്ടൈശ്വര്യമാണ് പ്രദാനം ചെയ്തുവരുന്നത്. 81 ദിവസം ഗണേശസംഗീതോത്സവം നടക്കുന്ന രാജ്യത്തെ ഏകക്ഷേത്രവും ഇതുതന്നെ.
ശങ്കരന്‍ നമ്പൂതിരിയുടെ തപസ്സിന്റെയും ഉപാസനയുടെയും ഫലങ്ങള്‍ മള്ളിയൂര്‍ ഇല്ലത്തിനും കുറുപ്പുന്തറ ഗ്രാമത്തിനും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ന് ഈ ഗ്രാമം ആഗോള പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിയിരിക്കുന്നു.
ഭാഗവതം എന്നാലെന്ത്? ഭാഗവതം നമ്മോട് എന്താണ് ഉപദേശിക്കുന്നത്? ഭാഗവതശ്രവണാദികളിലൂടെ ഒരു മനുഷ്യന്‍ എങ്ങനെയായിത്തീരണം, ഒരു ഭാഗവതാചാര്യന്‍ എങ്ങനെ ജീവിക്കണം എന്നതിനൊക്കെ ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു ഭാഗവതോപാസകന്‍ മാത്രമാണ് ഇന്ന് ജീവിച്ചരിക്കുന്നത്. അത് മറ്റാരുമല്ല ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മാത്രം. വിസ്മരിക്കാനാവാത്ത അനുഭവങ്ങളിലൂടെ ശ്രീകൃഷ്ണപരമാത്മാവിന്റെ പ്രതിരൂപത്തെയാണ് മള്ളിയൂരിലൂടെ ലോകം കാണുന്നത്.
പ്രലോഭനങ്ങള്‍ നിറഞ്ഞ സംസാരസാഗരത്തില്‍ നിര്‍മ്മലതയോടെ എങ്ങനെ ജീവിക്കാമെന്ന് അദ്ദേഹം കര്‍മ്മം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. കഠിനമായ തപശ്ചര്യയുടേയും കര്‍ക്കശമായ നിഷ്ഠകളുടെയും ഉന്നതമായ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി. ആ പാദാരവിന്ദങ്ങളില്‍
നവതി പ്രണാമങ്ങള്‍.

അനാശ്രിതഃ കര്‍മ്മഫലം

കെ.ഡി. ഹരികുമാര്‍


അദൈ്വത ജ്ഞാനനിഷ്ഠരും മഹാതപസ്വികളുമായ മഹാത്മാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഭാരതം എക്കാലവും അനുഗൃഹീതമാണ്. ഒരു പുരുഷായസ്സ്് മുഴുവന്‍ സമാജസേവ ചെയ്തു വരുന്ന സംന്യാസിശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു വെളിച്ചമാണ്. ഈ ജന്മത്തില്‍ മാത്രമല്ല, അടുത്ത ജന്മത്തില്‍പ്പോലും ഐശ്വര്യങ്ങള്‍ നല്‍കുന്നതാണ് സംന്യാസിവര്യന്മാരുടെ ജീവിതങ്ങള്‍. ''സ്‌നേഹത്താല്‍ പ്രബുദ്ധവും, ജ്ഞാനത്താല്‍ നിയന്ത്രിതവുമായ ജീവിതമാണ് ശ്രേഷ്ഠം'' എന്ന ബര്‍ട്രന്റ് റസ്സലിന്റെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ സ്മരിക്കപ്പെടേണ്ടതാണ്.
''അനാശ്രിതഃ കര്‍മ്മഫലം
കാര്യ കര്‍മ്മ കരോതിയഃ
സ സന്ന്യാസീച യോഗീച
ന നിരഗ്നിര്‍ന്ന ചാക്രിയഃ''
കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍മ്മത്തിനായി മാത്രം കര്‍മ്മം ചെയ്യുന്നവനാണ് സംന്യാസി. വിധിപ്രകാരമുള്ള കര്‍മ്മങ്ങളെ ത്യജിച്ചവനോ കര്‍മ്മമൊന്നും ചെയ്യാതിരിക്കുന്നവനോ അല്ല സന്യാസി എന്ന് ആത്മസംയമയോഗത്തില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണ്. ഈ ഭഗവത്‌വചനങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കര്‍മ്മരംഗത്ത് നിലകൊള്ളുന്ന ഒരു ആദ്ധ്യാത്മിക സ്ഥാപനമാണ് ശതാബ്ദിയുടെ നിറവിലേക്ക് എത്തുന്ന വാഴൂര്‍ തീര്‍ത്ഥപാദാശ്രമം.
ഇന്ന് ഏറെ പുരോഗതിയിലേക്ക് പ്രവേശിച്ച കേരളത്തെ നോക്കി ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ വിളിച്ചത് “'ഭ്രാന്താലയ'മെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളാലും ജഡിലമായി നിന്ന കേരളീയ സമൂഹത്തെ മാറ്റത്തിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നതിന് മുന്‍നിരയില്‍ നിന്നത് 19-ാം നൂറ്റാണ്ടില്‍ ജന്മമെടുത്ത മഹാത്മാക്കളില്‍ പ്രഥമഗണനീയനായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളാണ്. അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരാല്‍ സ്ഥാപിതമായ ഇവിടുത്തെ ആശ്രമം വാഴൂരിന്റെ സാംസ്‌ക്കാരിക ചൈതന്യമായി ഇതിനകംതന്നെ മാറ്റപ്പെട്ടു കഴിഞ്ഞു.
തീര്‍ത്തും ദുരവസ്ഥയില്‍ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് മുന്നില്‍ ആദ്ധ്യാത്മിക ജ്ഞാനത്തിലൂന്നിയ പ്രവര്‍ത്തനശൈലിയിലൂടെ കേരളത്തെ ഒരു തീര്‍ത്ഥാലയമാക്കുന്നതിന് നേതൃത്വം നല്‍കിയ ചട്ടമ്പിസ്വാമികള്‍ ശങ്കരാദൈ്വതവും, ശൈവസിദ്ധാന്തവും സമന്വയിപ്പിച്ച് തീര്‍ത്ഥപാദ സംന്യാസസമ്പ്രദായം നടപ്പില്‍ വരുത്തുന്നതില്‍ വിജയിക്കുകയുണ്ടായി.
ചട്ടമ്പിസ്വാമികള്‍ കൊണ്ടുവന്ന തീര്‍ത്ഥപാദ സംന്യാസസമ്പ്രദായവിദ്യകളെ അദ്ദേഹത്തിന്റെ ശിഷ്യത്രയങ്ങളായ ശ്രീനാരായണഗരു സ്വാമികള്‍, നീലകണ്ഠതീര്‍ത്ഥപാദ സ്വാമികള്‍ എന്നിവര്‍ ധര്‍മ്മപ്രഭാഷണങ്ങള്‍, ഗ്രന്ഥരചന, വേദാന്താദ്ധ്യാപനം എന്നിവയാലും, തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ ആശ്രമസ്ഥാപനങ്ങളിലൂടെയും പ്രചരിപ്പിച്ചു.
'മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്, മനോവികാരങ്ങളെ അടക്കി ആരോടും സ്‌നേഹത്തോടും കാരുണ്യത്തോടും പെരുമാറുകയും, ആരെയും ദ്രോഹിക്കാതെ ജീവിക്കുകയും വേണ'മെന്ന് നിര്‍ദ്ദേശിച്ച ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവിതസന്ദേശം- സ്‌നേഹവും ജീവകാരുണ്യവും അഹിംസയുമായിരുന്നു.
ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെ സാമൂഹ്യ പരിഷ്‌ക്കരണത്തിന് നേതൃത്വം നല്‍കിയ ചട്ടമ്പി സ്വാമികളുടെ ആശയാദര്‍ശങ്ങളെ ജനസാമാന്യത്തിനു മുന്നില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷ്യത്രയങ്ങളിലെ തൃതീയ ശിഷ്യനായ സ്വാമി തീര്‍ത്ഥപാദ പരമഹംസര്‍ സ്ഥാപിച്ച ആശ്രമങ്ങളില്‍ ആദ്യത്തേതാണ് നൂറിന്റെ നിറവിലേക്കെത്തുന്ന കോട്ടയം ജില്ലയിലെ വാഴൂരില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്ഥപാദാശ്രമം. 'ബ്രഹ്മവിദ്യ അഭ്യസിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് ആശ്രമം സ്ഥാപിക്കുന്നത്' എന്ന് സ്വാമികള്‍ തന്നെ എഴുതിയിട്ടുണ്ട്.
സനാതനധര്‍മ പ്രചരണരംഗത്ത് നിസ്തുലമായ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആശ്രമത്തിന്റെ ശതാബ്ദി വേളയില്‍ത്തന്നെ ആശ്രമസ്ഥാപകനായ തീര്‍ത്ഥപാദപരമഹംസ സ്വാമിയുടെ ശിഷ്യോത്തമനായ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമിയുടെ നൂറാം ജന്മദിനവും വന്നത് യാദൃഛികമാകാം. അതുകൊണ്ടുതന്നെ സ്വാമിജിയുടെ ജന്മദിനമായ ജനുവരി 9ന് രണ്ട് ശതാബ്ദി ആഘോഷവും സമാരംഭിച്ച് ആശ്രമത്തിന്റെ ശതാബ്ദി ദിനമായ 2011 നവംബര്‍ 27ന് സമാപിക്കുന്ന വിധത്തിലുള്ള കര്‍മ്മപരിപാടികളാണ് തീര്‍ത്ഥപാദാശ്രമം ട്രസ്റ്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
തീര്‍ത്ഥപാദപരമഹംസ സ്വാമിക്കുശേഷം തീര്‍ത്ഥപാദസന്യാസ സമ്പ്രദായത്തേയും ആശ്രമങ്ങളെയും ആചാര്യപദവിയിലിരുന്ന് ദീര്‍ഘകാലം നയിച്ച മഹത്‌വ്യക്തിത്വമാണ് വിദ്യാനന്ദതീര്‍ത്ഥപാദപരമഹംസ സ്വാമികള്‍. പത്തനംതിട്ട ജില്ലയിലെ പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും കൃഷ്ണന്‍നായരുടെയും മകനായി 1911 ജനുവരി 9ന് ജനിച്ച കൃഷ്ണന്‍ നായരാണ് തീര്‍ത്ഥപാദപരമഹംസ സ്വാമികളെ ദര്‍ശിച്ചതിലൂടെ ''ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍'' എന്ന ദീക്ഷാനാമം സ്വീകരിച്ച് സന്യാസിയായത്.
എഴുമറ്റൂര്‍ കുന്നത്തുള്ള സംസ്‌കൃത വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി ജോലി നോക്കിവരുന്നതിനിടെയാണ് വാഴൂരിലെത്തി തീര്‍ത്ഥപാദപരമഹംസസ്വാമികളെ കാണുന്നത്. സ്വാമിയില്‍ നിന്നും നിരവധി വിഷയങ്ങളില്‍ സംശയങ്ങള്‍ തീര്‍ത്ത് ഒരാഴ്ചക്കാലം ആശ്രമത്തില്‍ താമസിച്ചതോടെ തന്റെ സകല ഭൗതികബന്ധങ്ങളും ശിഥിലമായതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇതോടെ ജോലി രാജിവച്ച് ആശ്രമത്തിലെ അന്തേവാസിയായി മാറുവാന്‍ തീരുമാനിക്കുകയായിരുന്നു.
മലയാള മാസം 1110 മേടം 30ന് തീര്‍ത്ഥപാദപരമഹംസ സ്വാമിയില്‍ നിന്നും സംന്യാസദീക്ഷയും ''വിദ്യാനന്ദതീര്‍ത്ഥപാദര്‍'' എന്ന ദീക്ഷാനാമവും സ്വീകരിച്ചു. ''കാരുണ്യവും വാത്സല്യവും വഴിഞ്ഞൊഴുകുന്ന അവിടുത്തെ കണ്‍മുനകള്‍ എന്നില്‍ പതിഞ്ഞതോടെ ഏതോ ഒരു വിദ്യുത്പ്രവാഹം ഏറ്റാലെന്നപോലെ എന്നില്‍ ഒരു പരിവര്‍ത്തനമുണ്ടായി'' എന്നാണ് വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ തന്റെ ഗുരുവുമായുള്ള ആദ്യസമാഗമത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
1938 സപ്തംബര്‍ 11ന് പരമഹംസസ്വാമികള്‍ പ്രാരബ്ധ ശരീരം ഉപേക്ഷിച്ച് ബ്രഹ്മവിലീനനായിത്തീര്‍ന്നു. പിന്നീട് തീര്‍ത്ഥപാദസമ്പ്രദായത്തിന്റെ ആചാര്യനായിത്തീര്‍ന്നത് വിദ്യാനന്ദസ്വാമികളായിരുന്നു. ''ജനങ്ങള്‍ കാഷായാദി ബാഹ്യചിഹ്നങ്ങളെ മാത്രമേ സംന്യാസചിഹ്നമായി കരുതുകയുള്ളു. അതു മാറണമെങ്കില്‍ ജനസാമാന്യത്തിനിടയില്‍ ശരിയായ മതബോധം വളര്‍ത്തണം. അതിനുവേണ്ടിയാണ് ഈ ആശ്രമവും ഇവിടുത്തെ സംന്യാസിമാരും നിലകൊള്ളുന്നതെന്നുള്ള വാസ്തവം വിദ്യാനന്ദന്‍ ഒരിക്കലും വിസ്മരിക്കരുത്'' എന്ന ഗുരുനാഥന്റെ ആജ്ഞയെ ശിരസാവഹിച്ചു കൊണ്ട് സമാധിപര്യന്തം അദ്ദേഹം മതബോധനം ചെയ്തു കൊണ്ടിരുന്നതായി ആശ്രമചരിത്രങ്ങ ളില്‍ വ്യക്തമാക്കപ്പെടുന്നു.
1984 ജനുവരിക്കു ശേഷം പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന് ആശ്രമത്തില്‍ തന്നെ കഴിച്ചുകൂട്ടിയ വിദ്യാനന്ദതീര്‍ത്ഥ സ്വാമികള്‍ സ്വന്തം സമാധിസമയം പോലും മുന്‍കൂട്ടി പറയുകയുണ്ടായി. 1984 ജൂണ്‍ 11ന് രാവിലെ സ്വാമിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതറിഞ്ഞ് ആശ്രമത്തിലെത്തിയവരോട് വേദാന്തവിഷയങ്ങള്‍ സംസാരിച്ചശേഷം ''ഞാന്‍ സമാധിയായി എന്ന് ഇവര്‍ക്കെല്ലാം കമ്പിയടിക്കണം'' എന്ന് പറഞ്ഞ് കുറേ മേല്‍വിലാസം പറഞ്ഞുകൊടുത്തു. ഇതിനുശേഷം പരിശോധനയ്ക്കായി എത്തിയ ഡോ. ചിദംബരത്തോട് എത്ര സെക്കന്റുകൂടി ജീവിച്ചിരിക്കുമെന്ന് പറഞ്ഞാല്‍ മതിയെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റു നിന്ന് പ്രണവമന്ത്രം മൂന്നുതവണ ദീര്‍ഘമായി ഉച്ചരിച്ച ശേഷം ഇരുന്നു. ആശ്രമത്തിലെത്തി പ്രാര്‍ത്ഥനയോടെ നിന്ന ജനസഞ്ചയത്തിന് മുന്നില്‍വച്ച് ആ പ്രാണനും ബ്രഹ്മവിലീനമായി തീര്‍ന്നു.
വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിജിക്ക് സംന്യാസിമാരും ഗൃഹസ്ഥന്മാരുമായി വിപുല ശിഷ്യസമ്പത്താണുണ്ടായിരുന്നത്. ഉപാസനകളിലും യോഗവേദാന്ത സാധനകളിലും പുരോഗതി കൈവരിച്ച ബ്രഹ്മചാരികളും ഗൃഹസ്ഥരും നിരവധിയാണ്. ഇതിനു പുറമേ പരമാനന്ദതീര്‍ത്ഥപാദര്‍, ആത്മാനന്ദതീര്‍ത്ഥപാദര്‍, ചിത്‌സ്വരൂപതീര്‍ത്ഥപാദര്‍, ശ്രീനാരായണചൈതന്യതീര്‍ത്ഥപാദര്‍, ബ്രഹ്മാനന്ദതീര്‍ത്ഥപാദര്‍, സഹജാനന്ദതീര്‍ത്ഥപാദര്‍, പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, ബോധാനന്ദതീര്‍ത്ഥപാദര്‍, പ്രേമാനന്ദതീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ സ്വാമിജിയുടെ സംന്യാസി ശിഷ്യന്മാരാണ്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ചിത്‌സ്വരൂപതീര്‍ത്ഥപാദ സ്വാമിയായിരുന്നു മഠാധിപതിയായത്. അദ്ദേഹത്തിന്റെ സമാധിക്കു ശേഷം ഇപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ മഠാധിപതിയായിരിക്കുന്ന പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമികളും വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിയുടെ ശിഷ്യനാണ്.
വാഴൂര്‍ ദേശത്തെ കുതിരവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം തീര്‍ത്ഥപാദപുരം എന്നാക്കി മാറ്റി അരനൂറ്റാണ്ടുകാലം വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിയുടെ ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ കര്‍മ്മമണ്ഡലമായി ഇവിടം മാറ്റപ്പെട്ടു. ആശ്രമസമീപത്തെ വിദ്യാധിരാജവിലാസം ഹൈസ്‌ക്കൂളും, പോസ്‌റ്റോഫീസും സ്വാമിജിയുടെ നേതൃത്വത്തില്‍ സനാതനധര്‍മ്മസേവാസംഘത്തിന്റെ പരിശ്രമഫലമായി സ്ഥാപിക്കപ്പെട്ടതാണ്.
ആശ്രമവളപ്പിലെ തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ സമാധിസ്ഥലത്ത് ശിവക്ഷേത്രവും, വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ സമാധി സ്ഥലത്ത് സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനു പുറമേ ഗണപതി, ശാസ്താ പ്രതിഷ്ഠകളോടു കൂടിയ ചെറുക്ഷേത്രങ്ങളുമുണ്ട്. ബ്രഹ്മവിദ്യാപഠനം, ഉപനിഷത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, സംസ്‌കൃതം പഠനക്ലാസ്സുകള്‍ ദൈനംദിനം ആശ്രമത്തില്‍ നടന്നു വരുന്നു. ഇതിനു പുറമേ രവിവാരപാഠശാലയും പ്രവര്‍ത്തിക്കുന്നു. യോഗവേദാന്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് മതബോധം നല്‍കുന്നതിനൊപ്പം തന്നെ ഭൗതികരംഗത്തും ആശ്രമം സജീവമാണ്.
പ്രണവ മന്ത്രമുഖരിതമാകുന്നതിനൊപ്പം തന്നെ ഭാരതീയാദര്‍ശങ്ങളെ സമൂഹത്തിന് ഗുണപ്രദമാകുന്ന നിലയില്‍ പുനരാവിഷ്‌ക്കരിക്കുന്നതിലും തീര്‍ത്ഥപാദാശ്രമം ശ്രദ്ധപതിപ്പിക്കുന്നുവെന്നത് നമുക്ക് നേരില്‍ക്കാണാന്‍ കഴിയും.
ഭഗവദ്ഗീത മൂന്നാമധ്യായം കര്‍മ്മയോഗത്തിലെ അഞ്ചാം ശ്ലോകമായ:-
''നഹി കശ്ചില്‍ ക്ഷണമപി
ജാതുതിഷ്ഠത്യ കര്‍മകൃല്‍
കാര്യതേഹ്യവശാഃകര്‍മ
സര്‍വഃപ്രകൃതി ജൈര്‍ഗുണൈഃ
ഏതൊരാളും ഏതൊരവസ്ഥയിലും ഒരു ക്ഷണംപോലും കര്‍മ്മം ചെയ്യാത്തവനായി ഇരിക്കുന്നില്ല. സര്‍വരും പ്രകൃതി സിദ്ധമായ ഗുണങ്ങള്‍ക്ക് അധീനരായി കര്‍മ്മം ചെയ്യുവാന്‍ നിര്‍ബന്ധിതരാണ്. തീര്‍ത്ഥപാദാശ്രമത്തിലെത്തുന്ന ആര്‍ക്കും ഇവിടുത്തെ സന്യാസിശ്രേഷ്ഠരുടെ ജീവിതരീതികള്‍ കണ്ടാല്‍ ഈ ഗീതാശ്ലോകം ഓര്‍മ്മയിലേക്ക് ഓടിയെത്തും.
പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ മഠാധിപതിയും ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി കാര്യദര്‍ശിയുമായി നടന്നുവരുന്ന ആശ്രമപ്രവര്‍ത്തനങ്ങളില്‍ സംന്യാസത്തോളം പുണ്യമായ ഗോപരിപാലനം വേറിട്ടകാഴ്ചയാണ്. വേദാന്തനിപുണനായ സ്വാമിപ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ ദീര്‍ഘദര്‍ശിത്വത്തില്‍ രൂപംകൊടുത്ത ഗോശാലയുടെ പരിപാലനത്തിന് ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമിയാണ് നേതൃത്വം നല്‍കുന്നത്.
ആശ്രമത്തിലെ നിത്യചടങ്ങുകള്‍ കഴിഞ്ഞാല്‍ ഗോശാലയായിരിക്കും സ്വാമിയുടെ കര്‍മ്മഭൂമി. സൂര്യോദയത്തിനു മുമ്പേ ഗോശാലയിലെത്തുന്ന സ്വാമിയുടെ നേതൃത്വത്തില്‍ ഗോക്കളെയെല്ലാം കുളിപ്പിച്ച് ഗോശാല വൃത്തിയാക്കി കിടാക്കള്‍ക്ക് മതിയാവോളം പാല്‍ കുടിക്കാന്‍ അവസരം നല്‍കിയശേഷമാണ് കറവ ആരംഭിക്കുന്നത്. ഇതിന് സഹായികളുമുണ്ടാകും. ലഭിക്കുന്ന പാല്‍ ശുദ്ധമായ തൈരാക്കി മാറ്റി ആവശ്യക്കാര്‍ക്ക് നല്‍കും. ഏതാണ്ട് നൂറോളം കടകള്‍ക്ക് നിത്യേന ആശ്രമത്തില്‍ നിന്നും തൈര് നല്‍കുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം ഗോശാലയുടെ സുഗമമായ നടത്തിപ്പിന് വിനിയോഗിക്കുന്നു. ആശ്രമത്തില്‍ പാചകാവശ്യത്തിനുള്ള പാചകവാതകം ലഭ്യമാക്കുന്നത് ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റില്‍ നിന്നുമാണ്. ഈ ചാണകമാണ് ആശ്രമവളപ്പിലെ സമൃദ്ധമായ കൃഷിയെ മെച്ചപ്പെടുത്തുന്നതും.
പശുക്കളും കിടാങ്ങളുമായ 65 ഓളം പേരാണ് വിശാലമായ ഗോശാലയില്‍ ഐശ്വര്യത്തിന്റെ മൂര്‍ത്തികളായി കഴിയുന്നത്. ആശ്രമത്തില്‍നിന്നും ഉയരുന്ന നാമജപങ്ങള്‍ ഭക്തരുടെ മാത്രമല്ല ഇവിടുത്തെ പശുക്കളുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
വാഴൂര്‍ ആശ്രമത്തിനു കീഴില്‍ ചെറുവള്ളി, മറ്റക്കര, എഴുമറ്റൂര്‍, റാന്നി, വാഴമുട്ടം, കരുനാഗപ്പള്ളി, ദേശമംഗലം എന്നിവിടങ്ങളിലും ആശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേദമന്ത്രങ്ങള്‍ക്കു നടുവില്‍ നന്മനിറയുന്ന ഒരു ഗ്രാമാന്തരീക്ഷത്തെ പടുത്തുയര്‍ത്തി കേരളത്തിനു തന്നെ മാതൃകയായി മാറുകയാണ് നൂറിന്റെ പടവുകള്‍ ചവുട്ടിക്കയറുന്ന വാഴൂര്‍ തീര്‍ത്ഥപാദാശ്രമം.