കെ.ഡി. ഹരികുമാര്‍
അദൈ്വത ജ്ഞാനനിഷ്ഠരും മഹാതപസ്വികളുമായ മഹാത്മാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഭാരതം എക്കാലവും അനുഗൃഹീതമാണ്. ഒരു പുരുഷായസ്സ്് മുഴുവന്‍ സമാജസേവ ചെയ്തു വരുന്ന സംന്യാസിശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു വെളിച്ചമാണ്. ഈ ജന്മത്തില്‍ മാത്രമല്ല, അടുത്ത ജന്മത്തില്‍പ്പോലും ഐശ്വര്യങ്ങള്‍ നല്‍കുന്നതാണ് സംന്യാസിവര്യന്മാരുടെ ജീവിതങ്ങള്‍. ''സ്‌നേഹത്താല്‍ പ്രബുദ്ധവും, ജ്ഞാനത്താല്‍ നിയന്ത്രിതവുമായ ജീവിതമാണ് ശ്രേഷ്ഠം'' എന്ന ബര്‍ട്രന്റ് റസ്സലിന്റെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ സ്മരിക്കപ്പെടേണ്ടതാണ്.
''അനാശ്രിതഃ കര്‍മ്മഫലം
കാര്യ കര്‍മ്മ കരോതിയഃ
സ സന്ന്യാസീച യോഗീച
ന നിരഗ്നിര്‍ന്ന ചാക്രിയഃ''
കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍മ്മത്തിനായി മാത്രം കര്‍മ്മം ചെയ്യുന്നവനാണ് സംന്യാസി. വിധിപ്രകാരമുള്ള കര്‍മ്മങ്ങളെ ത്യജിച്ചവനോ കര്‍മ്മമൊന്നും ചെയ്യാതിരിക്കുന്നവനോ അല്ല സന്യാസി എന്ന് ആത്മസംയമയോഗത്തില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണ്. ഈ ഭഗവത്‌വചനങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കര്‍മ്മരംഗത്ത് നിലകൊള്ളുന്ന ഒരു ആദ്ധ്യാത്മിക സ്ഥാപനമാണ് ശതാബ്ദിയുടെ നിറവിലേക്ക് എത്തുന്ന വാഴൂര്‍ തീര്‍ത്ഥപാദാശ്രമം.
ഇന്ന് ഏറെ പുരോഗതിയിലേക്ക് പ്രവേശിച്ച കേരളത്തെ നോക്കി ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ വിളിച്ചത് “'ഭ്രാന്താലയ'മെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളാലും ജഡിലമായി നിന്ന കേരളീയ സമൂഹത്തെ മാറ്റത്തിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നതിന് മുന്‍നിരയില്‍ നിന്നത് 19-ാം നൂറ്റാണ്ടില്‍ ജന്മമെടുത്ത മഹാത്മാക്കളില്‍ പ്രഥമഗണനീയനായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളാണ്. അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരാല്‍ സ്ഥാപിതമായ ഇവിടുത്തെ ആശ്രമം വാഴൂരിന്റെ സാംസ്‌ക്കാരിക ചൈതന്യമായി ഇതിനകംതന്നെ മാറ്റപ്പെട്ടു കഴിഞ്ഞു.
തീര്‍ത്തും ദുരവസ്ഥയില്‍ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് മുന്നില്‍ ആദ്ധ്യാത്മിക ജ്ഞാനത്തിലൂന്നിയ പ്രവര്‍ത്തനശൈലിയിലൂടെ കേരളത്തെ ഒരു തീര്‍ത്ഥാലയമാക്കുന്നതിന് നേതൃത്വം നല്‍കിയ ചട്ടമ്പിസ്വാമികള്‍ ശങ്കരാദൈ്വതവും, ശൈവസിദ്ധാന്തവും സമന്വയിപ്പിച്ച് തീര്‍ത്ഥപാദ സംന്യാസസമ്പ്രദായം നടപ്പില്‍ വരുത്തുന്നതില്‍ വിജയിക്കുകയുണ്ടായി.
ചട്ടമ്പിസ്വാമികള്‍ കൊണ്ടുവന്ന തീര്‍ത്ഥപാദ സംന്യാസസമ്പ്രദായവിദ്യകളെ അദ്ദേഹത്തിന്റെ ശിഷ്യത്രയങ്ങളായ ശ്രീനാരായണഗരു സ്വാമികള്‍, നീലകണ്ഠതീര്‍ത്ഥപാദ സ്വാമികള്‍ എന്നിവര്‍ ധര്‍മ്മപ്രഭാഷണങ്ങള്‍, ഗ്രന്ഥരചന, വേദാന്താദ്ധ്യാപനം എന്നിവയാലും, തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ ആശ്രമസ്ഥാപനങ്ങളിലൂടെയും പ്രചരിപ്പിച്ചു.
'മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്, മനോവികാരങ്ങളെ അടക്കി ആരോടും സ്‌നേഹത്തോടും കാരുണ്യത്തോടും പെരുമാറുകയും, ആരെയും ദ്രോഹിക്കാതെ ജീവിക്കുകയും വേണ'മെന്ന് നിര്‍ദ്ദേശിച്ച ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവിതസന്ദേശം- സ്‌നേഹവും ജീവകാരുണ്യവും അഹിംസയുമായിരുന്നു.
ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെ സാമൂഹ്യ പരിഷ്‌ക്കരണത്തിന് നേതൃത്വം നല്‍കിയ ചട്ടമ്പി സ്വാമികളുടെ ആശയാദര്‍ശങ്ങളെ ജനസാമാന്യത്തിനു മുന്നില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷ്യത്രയങ്ങളിലെ തൃതീയ ശിഷ്യനായ സ്വാമി തീര്‍ത്ഥപാദ പരമഹംസര്‍ സ്ഥാപിച്ച ആശ്രമങ്ങളില്‍ ആദ്യത്തേതാണ് നൂറിന്റെ നിറവിലേക്കെത്തുന്ന കോട്ടയം ജില്ലയിലെ വാഴൂരില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്ഥപാദാശ്രമം. 'ബ്രഹ്മവിദ്യ അഭ്യസിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് ആശ്രമം സ്ഥാപിക്കുന്നത്' എന്ന് സ്വാമികള്‍ തന്നെ എഴുതിയിട്ടുണ്ട്.
സനാതനധര്‍മ പ്രചരണരംഗത്ത് നിസ്തുലമായ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആശ്രമത്തിന്റെ ശതാബ്ദി വേളയില്‍ത്തന്നെ ആശ്രമസ്ഥാപകനായ തീര്‍ത്ഥപാദപരമഹംസ സ്വാമിയുടെ ശിഷ്യോത്തമനായ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമിയുടെ നൂറാം ജന്മദിനവും വന്നത് യാദൃഛികമാകാം. അതുകൊണ്ടുതന്നെ സ്വാമിജിയുടെ ജന്മദിനമായ ജനുവരി 9ന് രണ്ട് ശതാബ്ദി ആഘോഷവും സമാരംഭിച്ച് ആശ്രമത്തിന്റെ ശതാബ്ദി ദിനമായ 2011 നവംബര്‍ 27ന് സമാപിക്കുന്ന വിധത്തിലുള്ള കര്‍മ്മപരിപാടികളാണ് തീര്‍ത്ഥപാദാശ്രമം ട്രസ്റ്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
തീര്‍ത്ഥപാദപരമഹംസ സ്വാമിക്കുശേഷം തീര്‍ത്ഥപാദസന്യാസ സമ്പ്രദായത്തേയും ആശ്രമങ്ങളെയും ആചാര്യപദവിയിലിരുന്ന് ദീര്‍ഘകാലം നയിച്ച മഹത്‌വ്യക്തിത്വമാണ് വിദ്യാനന്ദതീര്‍ത്ഥപാദപരമഹംസ സ്വാമികള്‍. പത്തനംതിട്ട ജില്ലയിലെ പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും കൃഷ്ണന്‍നായരുടെയും മകനായി 1911 ജനുവരി 9ന് ജനിച്ച കൃഷ്ണന്‍ നായരാണ് തീര്‍ത്ഥപാദപരമഹംസ സ്വാമികളെ ദര്‍ശിച്ചതിലൂടെ ''ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍'' എന്ന ദീക്ഷാനാമം സ്വീകരിച്ച് സന്യാസിയായത്.
എഴുമറ്റൂര്‍ കുന്നത്തുള്ള സംസ്‌കൃത വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി ജോലി നോക്കിവരുന്നതിനിടെയാണ് വാഴൂരിലെത്തി തീര്‍ത്ഥപാദപരമഹംസസ്വാമികളെ കാണുന്നത്. സ്വാമിയില്‍ നിന്നും നിരവധി വിഷയങ്ങളില്‍ സംശയങ്ങള്‍ തീര്‍ത്ത് ഒരാഴ്ചക്കാലം ആശ്രമത്തില്‍ താമസിച്ചതോടെ തന്റെ സകല ഭൗതികബന്ധങ്ങളും ശിഥിലമായതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇതോടെ ജോലി രാജിവച്ച് ആശ്രമത്തിലെ അന്തേവാസിയായി മാറുവാന്‍ തീരുമാനിക്കുകയായിരുന്നു.
മലയാള മാസം 1110 മേടം 30ന് തീര്‍ത്ഥപാദപരമഹംസ സ്വാമിയില്‍ നിന്നും സംന്യാസദീക്ഷയും ''വിദ്യാനന്ദതീര്‍ത്ഥപാദര്‍'' എന്ന ദീക്ഷാനാമവും സ്വീകരിച്ചു. ''കാരുണ്യവും വാത്സല്യവും വഴിഞ്ഞൊഴുകുന്ന അവിടുത്തെ കണ്‍മുനകള്‍ എന്നില്‍ പതിഞ്ഞതോടെ ഏതോ ഒരു വിദ്യുത്പ്രവാഹം ഏറ്റാലെന്നപോലെ എന്നില്‍ ഒരു പരിവര്‍ത്തനമുണ്ടായി'' എന്നാണ് വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ തന്റെ ഗുരുവുമായുള്ള ആദ്യസമാഗമത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
1938 സപ്തംബര്‍ 11ന് പരമഹംസസ്വാമികള്‍ പ്രാരബ്ധ ശരീരം ഉപേക്ഷിച്ച് ബ്രഹ്മവിലീനനായിത്തീര്‍ന്നു. പിന്നീട് തീര്‍ത്ഥപാദസമ്പ്രദായത്തിന്റെ ആചാര്യനായിത്തീര്‍ന്നത് വിദ്യാനന്ദസ്വാമികളായിരുന്നു. ''ജനങ്ങള്‍ കാഷായാദി ബാഹ്യചിഹ്നങ്ങളെ മാത്രമേ സംന്യാസചിഹ്നമായി കരുതുകയുള്ളു. അതു മാറണമെങ്കില്‍ ജനസാമാന്യത്തിനിടയില്‍ ശരിയായ മതബോധം വളര്‍ത്തണം. അതിനുവേണ്ടിയാണ് ഈ ആശ്രമവും ഇവിടുത്തെ സംന്യാസിമാരും നിലകൊള്ളുന്നതെന്നുള്ള വാസ്തവം വിദ്യാനന്ദന്‍ ഒരിക്കലും വിസ്മരിക്കരുത്'' എന്ന ഗുരുനാഥന്റെ ആജ്ഞയെ ശിരസാവഹിച്ചു കൊണ്ട് സമാധിപര്യന്തം അദ്ദേഹം മതബോധനം ചെയ്തു കൊണ്ടിരുന്നതായി ആശ്രമചരിത്രങ്ങ ളില്‍ വ്യക്തമാക്കപ്പെടുന്നു.
1984 ജനുവരിക്കു ശേഷം പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന് ആശ്രമത്തില്‍ തന്നെ കഴിച്ചുകൂട്ടിയ വിദ്യാനന്ദതീര്‍ത്ഥ സ്വാമികള്‍ സ്വന്തം സമാധിസമയം പോലും മുന്‍കൂട്ടി പറയുകയുണ്ടായി. 1984 ജൂണ്‍ 11ന് രാവിലെ സ്വാമിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതറിഞ്ഞ് ആശ്രമത്തിലെത്തിയവരോട് വേദാന്തവിഷയങ്ങള്‍ സംസാരിച്ചശേഷം ''ഞാന്‍ സമാധിയായി എന്ന് ഇവര്‍ക്കെല്ലാം കമ്പിയടിക്കണം'' എന്ന് പറഞ്ഞ് കുറേ മേല്‍വിലാസം പറഞ്ഞുകൊടുത്തു. ഇതിനുശേഷം പരിശോധനയ്ക്കായി എത്തിയ ഡോ. ചിദംബരത്തോട് എത്ര സെക്കന്റുകൂടി ജീവിച്ചിരിക്കുമെന്ന് പറഞ്ഞാല്‍ മതിയെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റു നിന്ന് പ്രണവമന്ത്രം മൂന്നുതവണ ദീര്‍ഘമായി ഉച്ചരിച്ച ശേഷം ഇരുന്നു. ആശ്രമത്തിലെത്തി പ്രാര്‍ത്ഥനയോടെ നിന്ന ജനസഞ്ചയത്തിന് മുന്നില്‍വച്ച് ആ പ്രാണനും ബ്രഹ്മവിലീനമായി തീര്‍ന്നു.
വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിജിക്ക് സംന്യാസിമാരും ഗൃഹസ്ഥന്മാരുമായി വിപുല ശിഷ്യസമ്പത്താണുണ്ടായിരുന്നത്. ഉപാസനകളിലും യോഗവേദാന്ത സാധനകളിലും പുരോഗതി കൈവരിച്ച ബ്രഹ്മചാരികളും ഗൃഹസ്ഥരും നിരവധിയാണ്. ഇതിനു പുറമേ പരമാനന്ദതീര്‍ത്ഥപാദര്‍, ആത്മാനന്ദതീര്‍ത്ഥപാദര്‍, ചിത്‌സ്വരൂപതീര്‍ത്ഥപാദര്‍, ശ്രീനാരായണചൈതന്യതീര്‍ത്ഥപാദര്‍, ബ്രഹ്മാനന്ദതീര്‍ത്ഥപാദര്‍, സഹജാനന്ദതീര്‍ത്ഥപാദര്‍, പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, ബോധാനന്ദതീര്‍ത്ഥപാദര്‍, പ്രേമാനന്ദതീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ സ്വാമിജിയുടെ സംന്യാസി ശിഷ്യന്മാരാണ്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ചിത്‌സ്വരൂപതീര്‍ത്ഥപാദ സ്വാമിയായിരുന്നു മഠാധിപതിയായത്. അദ്ദേഹത്തിന്റെ സമാധിക്കു ശേഷം ഇപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ മഠാധിപതിയായിരിക്കുന്ന പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമികളും വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിയുടെ ശിഷ്യനാണ്.
വാഴൂര്‍ ദേശത്തെ കുതിരവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം തീര്‍ത്ഥപാദപുരം എന്നാക്കി മാറ്റി അരനൂറ്റാണ്ടുകാലം വിദ്യാനന്ദതീര്‍ത്ഥപാദസ്വാമിയുടെ ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ കര്‍മ്മമണ്ഡലമായി ഇവിടം മാറ്റപ്പെട്ടു. ആശ്രമസമീപത്തെ വിദ്യാധിരാജവിലാസം ഹൈസ്‌ക്കൂളും, പോസ്‌റ്റോഫീസും സ്വാമിജിയുടെ നേതൃത്വത്തില്‍ സനാതനധര്‍മ്മസേവാസംഘത്തിന്റെ പരിശ്രമഫലമായി സ്ഥാപിക്കപ്പെട്ടതാണ്.
ആശ്രമവളപ്പിലെ തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ സമാധിസ്ഥലത്ത് ശിവക്ഷേത്രവും, വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ സമാധി സ്ഥലത്ത് സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനു പുറമേ ഗണപതി, ശാസ്താ പ്രതിഷ്ഠകളോടു കൂടിയ ചെറുക്ഷേത്രങ്ങളുമുണ്ട്. ബ്രഹ്മവിദ്യാപഠനം, ഉപനിഷത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, സംസ്‌കൃതം പഠനക്ലാസ്സുകള്‍ ദൈനംദിനം ആശ്രമത്തില്‍ നടന്നു വരുന്നു. ഇതിനു പുറമേ രവിവാരപാഠശാലയും പ്രവര്‍ത്തിക്കുന്നു. യോഗവേദാന്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് മതബോധം നല്‍കുന്നതിനൊപ്പം തന്നെ ഭൗതികരംഗത്തും ആശ്രമം സജീവമാണ്.
പ്രണവ മന്ത്രമുഖരിതമാകുന്നതിനൊപ്പം തന്നെ ഭാരതീയാദര്‍ശങ്ങളെ സമൂഹത്തിന് ഗുണപ്രദമാകുന്ന നിലയില്‍ പുനരാവിഷ്‌ക്കരിക്കുന്നതിലും തീര്‍ത്ഥപാദാശ്രമം ശ്രദ്ധപതിപ്പിക്കുന്നുവെന്നത് നമുക്ക് നേരില്‍ക്കാണാന്‍ കഴിയും.
ഭഗവദ്ഗീത മൂന്നാമധ്യായം കര്‍മ്മയോഗത്തിലെ അഞ്ചാം ശ്ലോകമായ:-
''നഹി കശ്ചില്‍ ക്ഷണമപി
ജാതുതിഷ്ഠത്യ കര്‍മകൃല്‍
കാര്യതേഹ്യവശാഃകര്‍മ
സര്‍വഃപ്രകൃതി ജൈര്‍ഗുണൈഃ
ഏതൊരാളും ഏതൊരവസ്ഥയിലും ഒരു ക്ഷണംപോലും കര്‍മ്മം ചെയ്യാത്തവനായി ഇരിക്കുന്നില്ല. സര്‍വരും പ്രകൃതി സിദ്ധമായ ഗുണങ്ങള്‍ക്ക് അധീനരായി കര്‍മ്മം ചെയ്യുവാന്‍ നിര്‍ബന്ധിതരാണ്. തീര്‍ത്ഥപാദാശ്രമത്തിലെത്തുന്ന ആര്‍ക്കും ഇവിടുത്തെ സന്യാസിശ്രേഷ്ഠരുടെ ജീവിതരീതികള്‍ കണ്ടാല്‍ ഈ ഗീതാശ്ലോകം ഓര്‍മ്മയിലേക്ക് ഓടിയെത്തും.
പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ മഠാധിപതിയും ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി കാര്യദര്‍ശിയുമായി നടന്നുവരുന്ന ആശ്രമപ്രവര്‍ത്തനങ്ങളില്‍ സംന്യാസത്തോളം പുണ്യമായ ഗോപരിപാലനം വേറിട്ടകാഴ്ചയാണ്. വേദാന്തനിപുണനായ സ്വാമിപ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ ദീര്‍ഘദര്‍ശിത്വത്തില്‍ രൂപംകൊടുത്ത ഗോശാലയുടെ പരിപാലനത്തിന് ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമിയാണ് നേതൃത്വം നല്‍കുന്നത്.
ആശ്രമത്തിലെ നിത്യചടങ്ങുകള്‍ കഴിഞ്ഞാല്‍ ഗോശാലയായിരിക്കും സ്വാമിയുടെ കര്‍മ്മഭൂമി. സൂര്യോദയത്തിനു മുമ്പേ ഗോശാലയിലെത്തുന്ന സ്വാമിയുടെ നേതൃത്വത്തില്‍ ഗോക്കളെയെല്ലാം കുളിപ്പിച്ച് ഗോശാല വൃത്തിയാക്കി കിടാക്കള്‍ക്ക് മതിയാവോളം പാല്‍ കുടിക്കാന്‍ അവസരം നല്‍കിയശേഷമാണ് കറവ ആരംഭിക്കുന്നത്. ഇതിന് സഹായികളുമുണ്ടാകും. ലഭിക്കുന്ന പാല്‍ ശുദ്ധമായ തൈരാക്കി മാറ്റി ആവശ്യക്കാര്‍ക്ക് നല്‍കും. ഏതാണ്ട് നൂറോളം കടകള്‍ക്ക് നിത്യേന ആശ്രമത്തില്‍ നിന്നും തൈര് നല്‍കുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം ഗോശാലയുടെ സുഗമമായ നടത്തിപ്പിന് വിനിയോഗിക്കുന്നു. ആശ്രമത്തില്‍ പാചകാവശ്യത്തിനുള്ള പാചകവാതകം ലഭ്യമാക്കുന്നത് ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റില്‍ നിന്നുമാണ്. ഈ ചാണകമാണ് ആശ്രമവളപ്പിലെ സമൃദ്ധമായ കൃഷിയെ മെച്ചപ്പെടുത്തുന്നതും.
പശുക്കളും കിടാങ്ങളുമായ 65 ഓളം പേരാണ് വിശാലമായ ഗോശാലയില്‍ ഐശ്വര്യത്തിന്റെ മൂര്‍ത്തികളായി കഴിയുന്നത്. ആശ്രമത്തില്‍നിന്നും ഉയരുന്ന നാമജപങ്ങള്‍ ഭക്തരുടെ മാത്രമല്ല ഇവിടുത്തെ പശുക്കളുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
വാഴൂര്‍ ആശ്രമത്തിനു കീഴില്‍ ചെറുവള്ളി, മറ്റക്കര, എഴുമറ്റൂര്‍, റാന്നി, വാഴമുട്ടം, കരുനാഗപ്പള്ളി, ദേശമംഗലം എന്നിവിടങ്ങളിലും ആശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേദമന്ത്രങ്ങള്‍ക്കു നടുവില്‍ നന്മനിറയുന്ന ഒരു ഗ്രാമാന്തരീക്ഷത്തെ പടുത്തുയര്‍ത്തി കേരളത്തിനു തന്നെ മാതൃകയായി മാറുകയാണ് നൂറിന്റെ പടവുകള്‍ ചവുട്ടിക്കയറുന്ന വാഴൂര്‍ തീര്‍ത്ഥപാദാശ്രമം.

No comments:
Post a Comment